നീറ്റ് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രമുഖ ബോളിവുഡ് താരം സൽമാൻ ഖാൻ.
ചോദ്യപേപ്പർ ചോർച്ച വളരെ ഗുരുതരമായ ഒരു വിഷയമാണെന്നും സമാധാനപരമായി തുടങ്ങിയ വിദ്യാർഥി മുന്നേറ്റം അക്രമത്തിലേക്ക് വഴിമാറിയതിൽ ദുഃഖിക്കുന്നതായും അദ്ദേഹം കുറിച്ചു.
സൽമാൻ ഖാന്റെ കുറിപ്പ് വായിക്കാം
‘വളരെ സമാധാനപരമായ ഒരു മുന്നേറ്റമായിരുന്നു അത്, ഒടുവിൽ അതിന് അക്രമത്തിന്റെ സ്വഭാവം കൈവന്നു എന്നറിഞ്ഞതിൽ വലിയ സങ്കടമുണ്ട്. പരിക്കേറ്റ വിദ്യാർഥികളുടെയും അവരുടെ കുടുംബങ്ങളുടെയും വിഷമത്തിൽ ഞാൻ പങ്കുചേരുന്നു.
ചോദ്യപേപ്പർ ചോർച്ച വളരെ ഗുരുതരമായ ഒരു വിഷയമാണ്. മെച്ചപ്പെട്ട ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിനായി നമ്മുടെ രാജ്യത്തെ കുട്ടികൾ ഒന്നിച്ചുനിന്നതും, അവരുടെ മാതാപിതാക്കൾ അവർക്ക് പിന്തുണ നൽകിയതും കാണുമ്പോൾ സന്തോഷം തോന്നുന്നു.
പഠിക്കാനും, സ്വന്തം ഭാവി തിളക്കമുള്ളതാക്കാനും വിദ്യാഭ്യാസസമ്പന്നമായ ഒരു ഭാരതം പടുത്തുയർത്താനുമുള്ള തങ്ങളുടെ സമർപ്പണവും ആത്മാർത്ഥതയും താൽപ്പര്യവും തെളിയിച്ചുകൊണ്ട് അവർ സ്വീകരിച്ച നിലപാടിനെ ഞാൻ പൂർണമായും അഭിനന്ദിക്കുന്നു.
ഈ പ്രക്ഷോഭം, ഈ സമരം ഇതിനുള്ള ശരിയായ വഴിയാണ്.വിദ്യാർത്ഥികൾ അത് സമാധാനപരമായാണ് നടത്തിയത്. വളരെ ധീരവും സാഹസികവുമായ രീതിയിൽ. വിദ്യാഭ്യാസത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ തലമുറ ഇന്ത്യയെ അഭിമാനഭരിതരാക്കും.
ഈ പ്രശ്നം വിദ്യാർഥികളും വിദ്യാഭ്യാസ സമ്പ്രദായവും തമ്മിലുള്ളതാണ്, ഇതിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യാൻ അനുവദിക്കരുത്. ഇതിന്റെ ക്രെഡിറ്റ് നമ്മുടെ രാജ്യത്തെ വിദ്യാർഥികൾക്ക് മാത്രമുള്ളതാണ്. സർക്കാർ അവർക്ക് എല്ലാവിധ പിന്തുണയും നൽകി വിദ്യാഭ്യാസ സമ്പ്രദായത്തെ കൂടുതൽ ശക്തമാക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
ഇതൊരു വിൻ-വിൻ (രണ്ടുപക്ഷത്തിനും വിജയകരമായ) സാഹചര്യമാണ്. നല്ലൊരു തീരുമാനത്തിനായി പ്രാർത്ഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു. പഠിക്കാൻ ആഗ്രഹിക്കുന്ന ഏവർക്കും ദൈവാനുഗ്രഹമുണ്ടാകട്ടെ.
വിദ്യാഭ്യാസം എന്നത് അടുത്ത ട്രെൻഡും ഫാഷനുമായി മാറണം, ഓരോ വർഷം കഴിയുന്തോറും അതിന് ജനപ്രീതി കൂടിവരണം. വിദേശത്തുനിന്നും ആളുകൾ പഠിക്കാനായി ഇന്ത്യയിലേക്ക് വരികയും, ഇന്ത്യ ഒരു വിദ്യാഭ്യാസ ഹബ്ബായി മാറുകയും ചെയ്യുന്ന തരത്തിൽ അത് വളരട്ടെ’,നടൻ സൽമാൻ ഖാൻ കുറിച്ചു